ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
കാസര്‍കോട്: ബിജെപി പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റഫീഖ്, ഹമീദ്, സാബിര്‍, അഷ്‌റഫ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ പ്രിയ വെറുതെ വിട്ടത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായിരുന്നു ജ്യോതിഷ്. 2017 ആഗസ്ത് 10 നാണ് ജ്യോതിഷിനെ സംഘം കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ അണങ്കൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയശേഷം വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 47 സക്ഷികളെ കോടതി വിസ്തരിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടും പ്രതികളെ വെറുതെ വിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. വിനോദ്കുമാര്‍, അഡ്വ. സാക്കിര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ്, അഡ്വ. ശരണ്യ എന്നിവര്‍ ഹാജരായി. സൈനുല്‍ ആബിദ്, ചൂരി റിഷാദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളില്‍ പ്രതിയായിരുന്നു ജ്യോതിഷ്. പിന്നീട് 2022 ഫെബ്രുവരി 15 ന് ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ