കുട്ടികളിലെ ലഹരി ഉപയോഗം ജില്ലയിൽ കൂടിവരികയാണെന്നും, ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സയും കൗൺസിലിംങും നൽകി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ ഡീ അഡിക്ഷൻ സെന്ററുകൾ ജില്ലയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കാനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഇത്തരം സെന്ററുകൾ ആരംഭിക്കണമെന്നും ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തരം ഡീ അഡിക്ഷൻ സെന്ററുകളിൽ കുട്ടികളിലെ ഫോൺ അഡിക്ഷൻ ഉൾപ്പടെ മാറ്റാനുള്ള കൗൺസിലിംഗ് സൗകര്യങ്ങളും ഒരുക്കണം. ജില്ലയിലെ സർക്കാർ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന അമിത സാമ്പത്തിക ചിലവ് ഇല്ലാതാക്കാൻ പറ്റുമെന്നും സി.സി ഡബ്ലൂ.ഒ ഭാരവാഹികൾ അറിയിച്ചു.
കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്ന ജില്ലാ കൺവെൻഷൻ ഹൊസ്ദുർഗ് എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.സി.ഡബ്ലൂ.ഒ സംസ്ഥാന കമ്മിറ്റി ചെയർമാൻ അനൂപ് കുമാർ തിരുവനന്തപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ഭരണ സമിതി പ്രസിഡന്റ് സുനിൽ മളിക്കാൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ് ഉമ്മർ പാഡലടുക്ക, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അഡ്വ. രമേശ് ഭായ്, ബദറുദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി കൺവീനർ മുഹമ്മദ് അനീഷ് തിരൂർ സ്വഗതവും, ദേശീയ ഭരണ സമിതി അംഗവും ജില്ലാ ഇൻചാർജുമായ ജയപ്രസാദ് നന്ദിയും അറിയിച്ചു.
ചൈൽഡ് കെയർ &വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ ചെയർമാനായി ബി അഷറഫ് ബോവിക്കാനം, കൺവീനറായി സുരേഷ് കുമാർ മാസ്റ്റർ , ട്രഷററായി മനു മാത്യു എന്നിവരെ യോഗം തിരഞ്ഞെടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ