ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർലമെന്റ് നിയമം പാസാക്കും വരെയാണ് സമിതിയുണ്ടാക്കിയത്. എന്നാൽ, സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പിന്നീട് നിയമമുണ്ടാക്കിയത്. ഇത് ചോദ്യംചെയ്യുന്ന ഹർജികളാണ് കോടതിയിലുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ