ഉപ്പളയില്‍ വാച്ചുമാനെ വെട്ടിക്കൊന്ന കേസ്: പ്രതിയുടെ പത്വാടിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്, കൊലയുടെ കാരണം അജ്ഞാതം, പ്രതിയായ സവാദിന്റെ പേരില്‍ മൂന്നു കേസുകൾ
കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രതിയായ സവാദിന്റെ ഉപ്പള, പത്വാടിയിലെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പയ്യന്നൂര്‍ സ്വദേശിയായ സുരേഷ് (48) ആണ് കൊല്ലപ്പെട്ടത്. ഇയാളും കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സവാദും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ സുരേഷിന്റെ വയറ്റിലേക്ക് സവാദ് കുത്തുകയായിരുന്നുവെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സവാദ് എങ്ങോട്ടാണ് കടന്നു കളഞ്ഞതെന്നു വ്യക്തമല്ല. സവാദിനെതിരെ മൂന്നു കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ കഞ്ചാവ് വലിച്ചതിനും മറ്റൊന്ന് നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ചതിനുമാണെന്നു കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സവാദിനെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ