കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. 44 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലെത്തുന്നത്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്‌ടർമാർക്കൊപ്പം എംഎൽഎ മാദ്ധ്യമങ്ങളെ കാണും.
സ്വന്തം വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസ്‌ചാർജിനുശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് ഉമ തോമസ് പോകുന്നത്. തന്റെ ആരോഗ്യം വീണ്ടെടുക്കാനായി പ്രാർത്ഥിച്ചും, സന്ദേശങ്ങളിലൂടെ ആശംസകളർപ്പിച്ചും കൂടെയുണ്ടായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ഡിസംബർ 29നാണ് അപകടമുണ്ടായത്. കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. ഇതിനിടെ വിഐപി ഗ്യാലറിയില്‍ നിന്ന് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ