പ്രതിസന്ധി പരിഹരിക്കാൻ പണം വേണം; 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും മാന്ദ്യത്തിൽ നിന്ന് കരകയറാനും കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കേരളം.
കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഒപ്പം ഊര്‍ജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. മാന്ദ്യം മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. തിരിച്ചടവ് വ്യവസ്ഥയില്ലാത്ത വിജിഎഫ് അടക്കം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 5000 കോടിയും ആവശ്യപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ