ഉത്ര കൊലക്കേസ്: പരോള്‍ ലഭിക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍
തിരുവനന്തപുരം: ഉത്ര കൊലക്കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിതാവിന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് പരോളിന് ശ്രമിച്ചത്. ഈ തട്ടിപ്പ് ജയില്‍ അധികൃതര്‍ പൊളിച്ചു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന് ഗുരുതര രോഗമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. മാതാവായിരുന്നു സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും മാതാവിനെയും ചോദ്യം ചെയ്യും.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് പിതാവിന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ