കൊച്ചി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഡിസംബര്‍ ആറിനു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഡിസംബര്‍ 9ന് വിശദമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയിക്കുന്നതായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു.
ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതു വരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് ആണ് നവീന്‍ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം നവീന്‍ബാബുവിനു കലക്ടറേറ്റിലെ സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ പരിപാടിയിലേക്ക് ക്ഷണിക്കാതെ എത്തിയ പി.പി ദിവ്യ, എ.ഡി.എം കൈക്കൂലി വാങ്ങിയതായി ആരോപിച്ചിരുന്നു. പെട്രോള്‍ പമ്പിനു എന്‍.ഒ.സി നല്‍കുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്നും ആരോപിച്ചിരുന്നു.
യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് നവീന്‍ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ