തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ വയനാട്ടിൽ 20.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലും പോളിങ് 19 ശതമാനം പിന്നിട്ടു. രണ്ട് മണ്ഡലത്തിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.
വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായി. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ലും അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിലുമാണ് തകരാർ ഉണ്ടായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ