ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലം യാഥാര്‍ത്ഥ്യമാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പാലം നിര്‍മ്മാണത്തിന് 17.7 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയതായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്-ബേഡടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിന് സാധിക്കും. നിലവില്‍ പ്രദേശത്ത് ഒരു തൂക്കുപാലമുള്ളത് കാല്‍നടയാത്രയ്ക്ക് മാത്രമാണ് അനുയോജ്യം. എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങള്‍ കാസര്‍കോടുമായി ബന്ധപ്പെടുന്നത്. കാസര്‍കോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ. യാത്ര ഉള്ളത് പാലം യാഥാര്‍ത്ഥ്യമായാല്‍ ദൂരം പകുതിയായി കുറയും. അതുപോലെ 18കിലോമീറ്ററോളം ചുറ്റി വളഞ്ഞു യാത്രചെയ്യുന്നതിന് പകരം മുനമ്പം പാലം വഴി 2 കിലോമീറ്ററിൽ ചട്ടഞ്ചാലിൽ എത്തുന്നതിന് സാധിക്കും. ജില്ലാ ആസ്ഥാനത്തു നിന്ന് മുന്നാട്, കുറ്റിക്കോല്‍, പാണത്തൂര്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ സഞ്ചരിക്കുന്നതിന് സാധിക്കും. വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയും എളുപ്പമാകും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന് സഹായകമാകുന്ന ഭൂപ്രകൃതിയാണ് ഈ പ്രദേശത്തേത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ