എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം, മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം. ദിവ്യക്കെതിരാണ് പൊലീസ് റിപ്പോർട്ടെന്നാണ് വിവരം. പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം. യാത്രയയപ്പ് യോഗത്തിന്റെ വിവരങ്ങൾ തേടി ആസൂത്രിതമായി എഡിഎമ്മിനെ ആക്ഷേപിക്കാൻ ലക്ഷ്യമിട്ട് ദിവ്യ എത്തിയെന്നാണ് മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തലെന്നാണ് സൂചന.
യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും നിർണായക തെളിവാകും. നവീന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേരുന്നുണ്ട്. പൊലീസ് റിപ്പോർട്ട് എതിരായാൽ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും. അതേസമയം, കൈകൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും. സർവീസിൽ ഇരിക്കെ പെട്രോൾ പമ്പ് തുടങ്ങാൻ സ്ഥാപനത്തിന്റെ അനുമതി വാങ്ങണമെന്ന കാര്യം അറിവില്ലെന്നായിരുന്നു ഇന്നലെ പ്രശാന്ത് വിചിത്ര വിശദീകരണം നൽകിയത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവും മൊഴികളും അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇത് വരെ മൊഴി കൊടുത്തിട്ടില്ല. റവന്യു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും കണ്ണൂർ കളക്ടർക്കെതിരായ നടപടി ഉണ്ടാകുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ