തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ; കൂസലില്ലാതെ ചിരിച്ചുകൊണ്ട് വിധി കേട്ട് പ്രതികൾ
പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. യാതൊരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടാണ് പ്രതികൾ കോടതി വിധി കേട്ടത്.
ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കേസിൽ ഇതുവരെയും പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കൽ മാത്രമാണ് ജാമ്യാപേക്ഷ നൽകിയത്. അത് കോടതി തളളുകയും ചെയ്തു. അതിന് ശേഷം ഇതുവരെയും പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 110 സാക്ഷികളിൽ 59 പേരെയാണ് വിസ്തരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ