മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്തു, ഒരാള്‍ പിടിയില്‍
കാസര്‍കോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി. കാസര്‍കോട്ടെത്തിച്ച ശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഏഴുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
മൈസൂര്‍, രാമനഹള്ളി, തന്‍വീര്‍സേഠ് നഗര്‍ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 18ന് ഉപ്പളയില്‍ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൈസൂര്‍ സ്വദേശിയായതിനാല്‍ ആരും ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. മുഹമ്മദ് റഫീഖിനെ കാസര്‍കോട്ടെത്തിച്ച അക്രമി സംഘം പിന്നീട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ചു. ക്രൂരമായി മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍ പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തതായി വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതിനിടയില്‍ ചില സൂചനകള്‍ ലഭിച്ച വിദ്യാനഗര്‍ പൊലീസ് നടത്തിയ രഹസ്യനീക്കങ്ങള്‍ക്കിടയിലാണ് മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടത്. സംഭവത്തില്‍ മുജ്ജു, സിദ്ദിഖ്, മൊയ്തു, എം.എച്ച് മൊയ്തീന്‍ മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ മൊയ്തീന്‍ എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ