ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് സമ്മര്‍ദ്ദം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ