തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിന്‍റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.
അതേസമയം, മുകേഷിന്‍റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.
മുകേഷിന്‍റെ രാജിയില്‍ സിപിഎം സംസ്ഥാന നേതൃത്വം വെള്ളം കുടിക്കുമ്പോള്‍, രാജിയെന്ന ആവശ്യം ശക്തമാക്കുന്നില്ലെങ്കിലും പദവിയില്‍ തുടരുന്നതിലെ അതൃപ്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ബൃന്ദ കാരാട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാർ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളുന്നതാണ് ലേഖനത്തിലെ പരാമര്‍ശം. നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല വേണ്ടതെന്നാണ് ബൃന്ദ തിരുത്തുന്നു. ഇരകള്‍ക്കെതിരെ പരാതി നല്‍കിയ നടപടിയേയും വിമര്‍ശിക്കുന്നുണ്ട്. കേസെടുത്തല്ലോ എന്ന് ഇന്നലെ പ്രതികരിച്ച പ്രകാശ് കാരാട്ട് കേരളത്തില്‍ പോയി ചോദിക്കൂയെന്നാണ് ഇന്ന് പറയുന്നത്.
അതേസമയം കേസെടുത്തതിന് തൊട്ടുപിന്നാലെ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ആനി രാജി സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. അതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ പരസ്യമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുന്‍പ് ആനി രാജ പരസ്യ പ്രസ്താവന നടത്തിയതില്‍ സിപിഎമ്മിലും അമര്‍ഷമുണ്ട്. സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം ആനി രാജക്ക് നേതാക്കള്‍ നല്‍കിയേക്കുമെന്നാണ് വിവരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ