സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുതല്‍ ഇ പി വരെ ചര്‍ച്ചാ വിഷയങ്ങളേറെ
കാസര്‍കോട്: സി പി എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമായി. സെപ്തംബര്‍ ഒന്നു മുതല്‍ 30വരെയാണ് ബ്രാഞ്ച് സമ്മേളനം ചേരുക. ഏരിയാ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഓരോ ബ്രാഞ്ചു സമ്മേളനങ്ങളിലും മേല്‍കമ്മിറ്റികളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വി, മാസപ്പടി വിവാദം കരിമണല്‍ വിവാദം, ഇ പി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഇത്തവണ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. ലോക്‌സഭയിലേയ്ക്ക് ബി ജെ പി അക്കൗണ്ടു തുറക്കുന്നതും ബി ജെ പിയുടെ വോട്ട് നില ഉയര്‍ന്നതും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും.