സോണാർ സിഗ്നലിൽ ഇനി പ്രതീക്ഷ, മലയാളി അർജുനു വേണ്ടി ഒമ്പതാം ദിവസവും തിരച്ചിൽ തുടരും, കര, നാവികസേന സംയുക്തമായി ഇന്നു തിരച്ചിൽ തുടരും
ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. കര, നാവികസേന സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുക. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഷിരൂരിലെത്തിക്കും. റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിൽ ഉപയോഗിക്കുക. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. പുഴയിലെ കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ