കൊച്ചി: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ നിന്നു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ അഡ്വ. ആസിഫലി മുഖാന്തിരം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബിച്ചു കുര്യന്‍ തള്ളിയത്. വിചാരണ എറണാകുളം സിബിഐ കോടതിയില്‍ തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. കേസ് ആഗസ്ത് 12ന് സിബിഐ കോടതി പരിഗണിക്കും. സിബിഐ കോടതി ജഡ്ജി കമനീസാണ് കേസ് ആദ്യം കേട്ടിരുന്നത്. ഇതിനിടയില്‍ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി കമനീസിനെ തൃശൂര്‍ പട്ടിജാതി-പട്ടികവര്‍ഗ സ്പെഷ്യല്‍ കോടതി ജഡ്ജിയായി ഹൈക്കോടതി മാറ്റിയിരുന്നു. കൊലക്കേസ് വിചാരണയുടെ അന്തിമഘട്ടത്തിലാണ് സ്ഥലം മാറ്റമെന്നും ഇതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് നേരത്തെ കേസിന്റെ വിചാരണ നടത്തിയ ജഡ്ജി കമനീസിന്റെ കോടതിയായ തൃശൂരിലെ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നു ആവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരുടെ ആവശ്യത്തെ സിബിഐ ഹൈക്കോടതിയില്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ജഡ്ജി മാറിയത് കൊണ്ട് വിചാരണയും അങ്ങോട്ട് മാറ്റാന്‍ കഴിയില്ലെന്നു കാണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.
ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തെ 159 സാക്ഷികളെ വിസ്തരിച്ചിരുന്നു. മുഖ്യപ്രതി പിതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. 2019 ഫെബ്രുവരി 17ന് ആണ് ശരത്ലാലിനെയും കൃപേഷിനെയും ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ