മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല
കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആള്‍താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പെണ്‍കുട്ടി പറഞ്ഞ വിവരങ്ങള്‍ വച്ച് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല. പെണ്‍കുട്ടിക്കു ആളെ തിരിച്ചറിയാന്‍ കഴിയാത്തതോടെയാണ് കസ്റ്റഡിയിലെടുത്ത ആളെ പൊലീസ് വിട്ടയച്ചത്. അതിനു ശേഷം ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും പ്രയോജനമുണ്ടായില്ല. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 11 വയസുള്ള പെണ്‍കുട്ടി ജൂണ്‍ 18ന് ആണ് പീഡനത്തിനു ഇരയായത്. ഭയം കാരണം സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടി തന്റെ ചേച്ചിയോട് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതും പോക്‌സോ കേസെടുത്തതും. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായതായി കണ്ടെത്തിയിരുന്നു. കറുത്തുതടിച്ച ഒരാളാണ് തന്നെ ഉപദ്രവിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ