തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്.
മണ്ണിടിച്ചിൽ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിർദേശമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.
അതേസമയം, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), കണ്ണാടിപ്പുഴ (പുദുർ സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷൻ), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ