ദില്ലി: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കർണാലിൽ മുൻ മുഖ്യമന്ത്രിയും സ്ഥാനാർത്ഥിയുമായി മനോഹർ ലാൽ ഖട്ടാർ വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി തനിക്ക് എതിരാളിയേ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദില്ലിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വോട്ട് ചെയ്തു.
ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ദില്ലിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. കെജ്രിവാളിന്‍റെ ജയില്‍ മോചനവും , മദ്യനയക്കേസും, സ്വാതി മലിവാള്‍ വിഷയവും വലിയ ചർച്ചയായിരിക്കെയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പെന്നതും ശ്രദ്ധേയമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ