ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച; ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല; ചിത്താരിയില്‍ 300 മീറ്റര്‍ ചുറ്റളവിലെ ജനങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: കെഎസ്ടിപി റോഡില്‍ സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ രാവിലെ ഉണ്ടായ എല്‍പിജി ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 300 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ആദ്യം ഗ്യാസ് ലീക്ക് അടയ്ക്കാന്‍ നടത്തിയ ശ്രമം പാളി. വിദഗ്ധരെ അറിയിച്ചതിനെ തുടര്‍ന്ന് മംഗളൂരു ഐ.ഒ.സി യില്‍ നിന്ന് വിദഗ്ധര്‍ സ്ഥലത്തെത്തി വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് തഹസില്‍ദാര്‍, പൊലീസ് തുടങ്ങിയവര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
രാവിലെ ഏഴരയോടെയാണ് ഓടുന്ന ടാങ്കറില്‍ ചോര്‍ച്ച കണ്ടെത്തിയത്. ഉടന്‍ റോഡരികില്‍ ഒതുക്കി ഡ്രൈവര്‍ നാട്ടുകാരെ വിവരമറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനില്‍ മാവുങ്കാല്‍ ദേശീയപാത വഴി പോകാനും കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങള്‍ ബേക്കല്‍ വഴി വഴിമാറി പോകാനും നിര്‍ദേശം നല്‍കി. വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ