തിരുവനന്തപുരം, സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ഇന്നലെ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവില്‍ കുറഞ്ഞുവരികയാണ്. തുടര്‍ച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം,വി ആര്‍ തങ്കപ്പന്‍ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി തുടരുന്നത്. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയില്‍ വീണ്ടും നിരവധി വീടുകളില്‍ വെള്ളം കയറിയത്. അശാസ്ത്രീയമായി നിര്‍മിച്ച കലുങ്കുകളും തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘുമേഘവിസ്‌ഫോടനമെങ്കിലും ഇന്നലത്തേത്ത് ഈ ഗണത്തില്‍പ്പെടുന്നത് അല്ലെന്നാണ് വിലയിരുത്തല്‍.
ആലപ്പുഴ ജില്ലയില്‍ 7 ക്യാംപുകള്‍ കൂടി തുറന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാംപ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ക്യാംപുകളുടെ എണ്ണം 17 ആയി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ