തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.
രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാളാണ് കേരളം വിധിയെഴുതുന്നത്.
കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭ മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്നുമണിക്ക് കമ്പളക്കാടാണ് ജില്ലയിലെ ആദ്യ പരിപാടി. മൂന്നുമണിക്ക് വണ്ടൂരിൽ പൊതുയോഗമുണ്ട്. എൻഡിഎ പ്രചാരണം കൊഴുപ്പിക്കാൻ അണ്ണാമലൈ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് മാനന്തവാടിയിൽ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ആനിരാജയ്ക്കും രാവിലെ റോഡ് ഷോയുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പുന്നപ്ര കാര്‍മല്‍ഗിരി എഞ്ചിനീയറിംഗ് കോളേജ് മൈതാനത്താണ് അദ്ദേഹം രാവിലെ പത്തുമണിയോടെ പ്രസംഗിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. രാവിലെ ഹെലികോപ്ടറില്‍ ആലപ്പുഴയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസംഗത്തിനു ശേഷം ദില്ലിക്ക് മടങ്ങും. സംസ്ഥാനത്ത് ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന ഏക തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആലപ്പുഴയിലേത് മാത്രമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ