വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജനറല്‍ ഒബ്സര്‍വ്വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങളും മറ്റും ശനിയാഴ്ച ഉച്ചയോടെ സ്ട്രോംഗ് റൂമിലെത്തിച്ച് സീല്‍ ചെയ്തത്. കേന്ദ്രസേനയുടെ സുരക്ഷയാണ് സ്ട്രോങ് റൂമിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. അതുവരേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുകള്‍ കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വോട്ടെടുപ്പിന് തന്നെ ആരംഭിച്ചു. ബൂത്തുകളില്‍ നിന്നു ഏജന്റുമാര്‍ തയ്യാറാക്കിയ പട്ടിക ബൂത്ത് കമ്മിറ്റികള്‍ വഴി മേല്‍ കമ്മിറ്റികള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇങ്ങനെ കൈമാറി കിട്ടിയ കണക്കുകള്‍ പ്രകാരമാണ് ഓരോ മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ത്ഥി ഇത്ര വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ രണ്ട് ദിവസത്തിനകം തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ