ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചൂട്; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം



കാസര്‍കോട്: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ 3മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മണി മുതല്‍ 3മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മണി മുതല്‍ 3മണി വരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം