തിരുവനന്തപുരം: സി.എ.എ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചതെന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസിനു ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുമെന്നാണ് സൂചന.
സി.എ.എ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയില്‍ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സി.എ.എ വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കുന്ന കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്ത് വരികയും വോട്ടു ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടിയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. മാര്‍ച്ച് 14ന് ആണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ സി.എ.എ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന കാര്യമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ