ഏപ്രിൽ ഒന്ന് മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്കിൽ ഒരു വർഷമായി വർധനവില്ലാതിരുന്നതും കിയാലിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.
യാത്ര നിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്‍റ് ഫീസ്, വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്ങ്, ലാൻഡിങ്ങ് നിരക്കുകൾ, എയ്റോബ്രിജ് , ഇൻലൈൻ എക്സ്റേ നിരക്കുകൾ എന്നിവയും വർധിപ്പിക്കും. കാർഗോ നിരക്കുകളിലും വർധനവുണ്ടാവും. രാജ്യാന്തര വിമാന യാത്രക്കാർക്ക് യൂസർ ഡവലപ്മെന്‍റ് ഫീസിൽ മാത്രം 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രയ്ക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെൻറ് ഫീസായി ഈടാക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് 1982 രൂപയും 885 രൂപയുമാക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 2028 വരെയുള്ള ഒരോ സാമ്പത്തിക വർഷങ്ങിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധനയ്ക്കും അനുമതിയുണ്ട്. വിമാന താവളം പ്രവർത്തനം തുടങ്ങിയതു മുതൽ 2023 വരെ ഈടാക്കാവുന്ന നിരക്കുകൾ 2018 ൽ എയ്റ അംഗീകരിച്ചു നൽകിയിരുന്നു. 2023 മാർച്ച് 31 വരെയായിരുന്നു ഇതിന്‍റെ കാലാവധി. നിരക്ക് പുതുക്കുന്നതിന് അനുമതി ലഭിക്കാത്തതിനാൽ 2024 മാർച്ച് 31 വരെ 2023ലെ നിരക്കാണ് തുടരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ