വിദ്യാര്‍ഥിനിയുടെ പരാതി: കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍
കാസര്‍കോട്: കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. 2022 ഓഗസ്റ്റില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നീക്കം. വിരമിക്കല്‍ ദിനത്തില്‍ അധ്യാപികയ്ക്കെതിരെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കോളജിലെ വിദ്യാര്‍ഥിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന മറ്റൊരു പരാതിയില്‍ വകുപ്പ് തല അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടി എസ്എഫ്‌ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് അധ്യാപികയുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രിന്‍സിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ നിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിന്‍സിപ്പല്‍ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു എസ്എഫ്‌ഐ ഉപരോധം.
കോളേജിലെ ഫില്‍ട്ടറില്‍ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി ഉയര്‍ന്നത്. 20 മിനിട്ടിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് പിന്നീട് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ലെന്നും വീണ്ടും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. പിന്നീട് ജൂലൈയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ അച്ചടക്ക സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ