കാസര്‍കോട്: ജില്ലയില്‍ ഇടതു-വലതു മുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തെളിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായില്ലെങ്കില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താനും ബിജെപി സ്ഥാനാര്‍ത്ഥിയായി പി കെ കൃഷ്ണദാസും ഗോദയിലിറങ്ങും. കഴിഞ്ഞ ദിവസം എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എംവി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയുടെ ചുമതല സിഎച്ച് കുഞ്ഞമ്പുവിനു നല്‍കാനും ധാരണയായി. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. 23ന് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേ സമയം ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കണ്ണൂരില്‍ നിന്നു ഉയര്‍ന്നിരുന്ന ആവശ്യം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി കേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ടിവി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം നിര്‍ണായകമാകും.
സിറ്റിംഗ് എംപിമാര്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശം ഉള്ളതിനാലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അവസരം കിട്ടാന്‍ കാരണം.
ബി ജെ പി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പ്രാഥമിക പട്ടിക കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദേശീയ നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ പി കെ കൃഷ്ണദാസിനെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ