സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. ജില്ലാ കൌൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തളളി. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥികളിൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും.
മാവേലിക്കര ലോക്സഭ മണ്ഡലത്തിൽആരാകും സ്ഥാനാർത്ഥിയാകുകയെന്നതായിരുന്നു സസ്പെൻസ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ