കാസര്‍കോട്: കേരളം ചര്‍ച ചെയ്ത കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിധി ഈ മാസം 29 ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചത്.
ഇതോടെ കേസിലെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കാസര്‍കോട്ടെ ജനങ്ങള്‍. പല വര്‍ഗീയ കൊലപാതക കേസുകളിലും തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യം നല്‍കിയും പ്രതികളെ വെറുതെ വിട്ട സ്ഥിതി നിലനില്‍ക്കേയാണ് റിയാസ് മൗലവി കേസിന്റെ വിധി പ്രസ്താവവും ഉണ്ടാവുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍.
2017 മാര്‍ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ പുതിയ ജഡ്ജ് വന്ന ശേഷമാണ് കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ വിധി തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക കേസന്വേഷണം നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ