പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നടന്നത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
കാസര്‍കോട്: പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പെര്‍ളയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അസമയത്ത് അമിത വേഗതയിലെത്തിയ പിക്കപ്പിനെ കൈ നീട്ടി തടയുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉള്‍വശം പരിശോധിക്കുകയായിരുന്നു. പിക്ക് അപ്പിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്ത് അറസ്റ്റുചെയ്തു. ആന്ധ്രയില്‍ നിന്ന് പെര്‍ള ചെക്ക് പോസ്റ്റുവഴി കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളിലൊന്നാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതികള്‍ പലതവണ കേരളത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇത്രയും വലിയതോതില്‍ ആദ്യയാണ് ഇവര്‍ കടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുരിയോ, മുരളി കെവി, പ്രിവന്റിവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത് കെആര്‍, ഷിജിത്ത് വിവി, മഞ്ജുനാഥന്‍, സതീശന്‍, സോനു സെബാസ്റ്റ്യന്‍, മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ പിഎ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ