വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത സംഭവം; വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
കാസര്‍കോട്: ആടു വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കേസിലെ പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. പൈവളിഗെ, പാക്കം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ എന്ന പാപ്പു റഹീം (40)ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായതിനു ശേഷം മസ്‌ക്കറ്റിലേയ്ക്ക് കടന്ന ഇയാളെ മടക്കയാത്രയ്ക്കിടെയാണ് പൊലീസിന്റെ വലില്‍ വീണത്.
2023 ജൂണ്‍ 24ന് ആണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ സ്വദേശി കായാറാം ആണ് ആക്രമത്തിനു ഇരയായത്. ചെന്നൈയില്‍ ആടു വില്‍പ്പന നടത്തി പിക്കപ്പ് വാനുമായി നാട്ടിലേയ്ക്ക് പോവുകയായിരുന്നു കായാറാം. ഇതിനിടയില്‍ കൊപ്ര തരാനുണ്ടെന്ന വ്യാജേന കായാറാമിനെ പൈവളിഗെ, ചേവാറിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആട് വില്‍പ്പന നടത്തിയ വകയില്‍ കായാറാമിന്റെ കൈവശം വലിയ തുക ഉണ്ടാകുമെന്ന കണക്കു കൂട്ടലിലായിരുന്നു അക്രമി സംഘം. ചേവാറില്‍ വാഹനവുമായി എത്തിയ കായാറാമിനോട് നാലംഗ സംഘം കായാറാമിനോട് സംഘം പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി അടക്കാന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദ്ദിക്കുകയും ഫോണും വാനും തട്ടിയെടുത്ത സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.
കേസില്‍ പ്രതികളായ ബംബ്രാണ ദിഡുമ്മയിലെ ഫാറൂഖ്, മണ്ണംകുഴിയിലെ അബ്ദുല്‍ അസീസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. രക്ഷപ്പെട്ട അബ്ദുല്‍ റഹ്‌മാനും കലന്തര്‍ ഷാഹുലും വിദേത്തേയ്ക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ