ദില്ലി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. തന്നെ എന്തിനാണ് തടയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്ത് തുടരുകയാണ്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം, പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ എംപിയെയും എംഎല്‍എയെയും മാത്രം ക്ഷേത്രത്തിലേക്ക് കടത്തിവിടാമെന്നും രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കടത്തിവിടാനാകില്ലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും നേതാക്കളും റോഡില്‍ കുത്തിയിരിക്കുകയാണ്. ഗൗരവ് ഗോഗോയ് എംപിയും കോണ്‍ഗ്രസിന്‍റെ അസം എംഎല്‍എയും ക്ഷേത്രത്തിലേക്ക് കയറി. ക്ഷേത്രത്തിന് മീറ്ററുകള്‍ക്ക് അകലെയാണ് രാഹുലിനെ തടഞ്ഞത്.പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് രാഹുല്‍ഗാന്ധി മുന്നോട്ട് പോകുന്നത് തടഞ്ഞു. കെസി വേണുഗോപാല്‍, ജയ്റാം രമേശ് അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ