കാസര്‍കോട്: ഏറെ മുറവിളിക്കൊടുവില്‍ അണങ്കൂര്‍ ദേശീയപാതയില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് ഉപകാരപ്പെടില്ലെന്ന് പരാതി. കേവലം രണ്ടര മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയിലുമാണ് നിലവില്‍ അടിപ്പാത അനുവദിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടര മീറ്റര്‍ ഉയരമുള്ള പാലം പ്രദേശവാസികള്‍ക്ക് ഉപകാരപ്പെടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പ്രവൃത്തി തടയുകയായിരുന്നു.
അണങ്കൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സമീപത്തെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുമായി അമ്പതോളം വാഹനങ്ങള്‍ പ്രതിദിനം പോകുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ പോലും പറ്റാത്ത രീതിയിലാണ് നിലവില്‍ അനുവദിച്ചിരിക്കുന്ന പാലത്തിന്റെ ഉയരം. നിരവധി സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന അണങ്കൂരില്‍ നാട്ടുകാരുടെ നിരന്തരമായുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അടിപ്പാത അനുവദിച്ചത്. എന്നാല്‍ നിലവില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യില്ല.
അടിപ്പാതക്ക് മൂന്നുമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. പ്രതിഷേധക്കാരെ ഇന്നുച്ചക്ക് കാസര്‍കോട് നഗരസഭയിലേക്ക് ദേശീയപാതാ അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ