കാസര്‍കോട്: കാസര്‍കോട് പള്ളം റെയില്‍വേ ട്രാക്കിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബദിയടുക്ക നെക്രാജെ പൂക്കൈമൂലയിലെ മുഹമ്മദ് സഹീര്‍ (19), മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ബീജന്തടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പള്ളം റെയില്‍വേ ട്രാക്കില്‍ ഇരുവരേയും തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹീറിന്റെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഏറെ വൈകിയാണ് നിഹാലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മയ്യത്ത് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കുളിപ്പിച്ച് രാവിലെ 11 മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സഹീറിന്റെ മയ്യത്ത് മാവിനക്കട്ട തഖ്‌വ ജുമാമസ്ജിദ് അങ്കണത്തിലും നിഹാലിന്റേത് പൊസോട്ട് മസ്ജിദ് അങ്കണത്തിലും ഖബറടക്കും.
സ്വാദിഖ്-ആമിന ദമ്പതികളുടെ മകനാണ് സഹീര്‍. കാസര്‍കോട്ടെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. സാഹിദ്, ആബിദ്, അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊസോട്ടെ പരേതനായ ഇബ്രാഹിമിന്റെയും സമീറയുടേയും മകനാണ് നിഹാല്‍. ഫൈസല്‍, നവാസ്, മുഹമ്മദ് നിസാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ