കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ ലുബ്‌ന, ദില്‍ഷാദ്, സിദ്ദീഖ്, ഫൈസല്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് ബാര സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. ഈമാസം 23 നാണ് ലാപ് ടോപ് വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ലുബ്‌ന ബാര സ്വദേശിയെ സമീപിച്ചത്. 25 ന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തിയ ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ ആറംഗ സംഘം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് 5 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. മാനഹാനി ഭയന്ന് അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഗൂഗിള്‍ പേ വഴി യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക നാട്ടില്‍ വച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ സംഘം ഗൃഹനാഥനെ വിട്ടയച്ചു. പിന്നീട് നാട്ടിലെത്തി 4,9000 രൂപയും നല്‍കി. അടുത്ത ദിവസവും കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് ബാര സ്വദേശി പൊലീസിനെ സമീപിച്ചത്. ഫോണ്‍ വഴിയാണ് 59 കാരന്‍ ലുബ്‌നയെ പരിചയപെട്ടത്. ആ സൗഹൃദ ബന്ധത്തിന്റെ പേരിലാണ് യുവതിക്ക് ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ ഒരുങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ