തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാൻ ആയില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ദൈനംദിന പ്രവര്‍ത്തന ചെലവിന് പുറമെ കിഫ്ബിയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് കൂടി വരാനിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെ ഫോണിന് മുന്നിലുണ്ട്.
ജൂൺ അഞ്ചിനായിരുന്നു കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്. 17,412 ഓഫീസുകളുടെ കണക്ക് ഏഴ് മാസത്തിന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷൻ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക്, ഏഴ് മാസമായിട്ടും പാലിക്കാൻ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല. മാത്രമല്ല 14000 വീടുകളുടെ കൃത്യമായ വിവരങ്ങൾ ഇത് വരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ