കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. കുട്ടിക്ക് പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.
നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും ഇപ്പോൾ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ