പത്തനംതിട്ട: റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്.
പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനല്‍കിയത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി.
മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്നാട് സർക്കാർ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ