കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം
ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ അതിവേഗം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായി.
അപകട വിവരമറിഞ്ഞ ഉടന്‍ മന്ത്രിമാരാ പി രാജീവും ആര്‍ ബിന്ദുവും കോഴിക്കോട്ടെ നവകേരള സദസ്സില്‍ നിന്നും കളമശ്ശേരിയിലേക്ക് തിരിച്ചു. പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ സ്ഥലത്തെത്തി.കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുന്‍ കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കയറാനും ഇറങ്ങാനും ഒറ്റ കവാടം മാത്രമുള്ള ആംഫി തീയ്യേറ്ററിനു പുറത്തുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോയതും പെട്ടനുണ്ടായ മഴയുമാണ് അപകടത്തിലേക്ക് നയിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കളമശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടായ ആംഫി തീയ്യേറ്റര്‍ പൊലീസ് ബന്തവസ്സിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും. അപകടമുണ്ടായതിനു തൊട്ടു മുമ്പുള്ള മൊബൈല്‍ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം രാവിലെ 7 മണി മുതല്‍ നടക്കും. 9 മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
പുലര്‍ച്ചെ മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും പരിക്കേറ്റവരെ കണ്ടു. അപ്രതീക്ഷിത സംഭവമാണെന്നും പരിക്കേറ്റ എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും പി.രാജീവ് പറഞ്ഞു. കുസാറ്റ് ദുരന്തത്തിൽ വൈസ് ചാൻസലറോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് തേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ