കുസാറ്റ് ദുരന്തം: ചികിത്സയില്‍ കഴിയുന്ന 2 പെൺകുട്ടികളുടെ നില ഗുരുതരം, സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്
കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്. കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം. മുഖ്യമന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ് തുടങ്ങിയവർ ഇന്നലെ സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം നാളെയാണ്. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും. നാളെ 11 മണിവരെ വീട്ടിൽ പൊതുദർശനം. ഒരു മണിയോടെ കുറുമ്പത്തുരുത്ത് സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്കാരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ