മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്ത്, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.95 കിലോ സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍: മലദ്വാരത്തില്‍ കടത്തി കൊണ്ടുവന്ന ഒരു കിലോ 95 ഗ്രാം സ്വര്‍ണ്ണ ഗുളികകളുമായി യുവാവ് അറസ്റ്റില്‍. ചപ്പാരപ്പടവ്, കൂവേരി സ്വദേശി ഹമീദ്-മുഹമ്മദിനെയാണ് ഇന്നു രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസിന്റെ പിടിയിലായത്. രാവിലെ ദുബായില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പരിശോധന കഴിഞ്ഞു നടന്നു നീങ്ങുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ മാറ്റി നിര്‍ത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീടാണ് മലദ്വാരത്തില്‍ സ്വര്‍ണ്ണ ഗുളികകള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ളതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം പുറത്തെടുത്തു. പിടിയിലായ സ്വര്‍ണ്ണത്തിനു 66.77 ലക്ഷം രൂപ വിലവരും. സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടായതോടെ സ്വര്‍ണ്ണക്കള്ളക്കടത്തും കുത്തനെ ഉയര്‍ന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. സമീപ ദിവസങ്ങളിലായി കണ്ണൂര്‍, കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കോടികണക്കിനു രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടിയിലായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ