കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ അഡ്വ: അനസ് ഷംനാടും എറണാകുളത്തെ കാസര്‍കോട് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച റിട്ടിലാണ് വിധി. രാത്രി പത്തു മണി വരെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അതിനു ശേഷം ടിക്കറ്റ് കൗണ്ടറില്‍ നിന്നും സ്റ്റേഷന്‍ മാഷില്‍ നിന്നും വിവരങ്ങള്‍ അറിയാമെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ സത്യാവാങ് മൂലം നല്‍കിയപ്പോള്‍ അക്കാര്യം അറിയിച്ചു കൊണ്ട് ടികറ്റ് കൗണ്ടറിലും ഓടോമാറ്റിക് ടിക്കറ്റ് വെന്‍ഡിഗ് മെഷീനുകള്‍ക്ക് സമീപവും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയോട് കോടതി ഉത്തരവിട്ടു. ഇപ്പോള്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളില്‍ വിവരങ്ങള്‍ നല്‍കുന്നില്ല. സ്റ്റേഷന്‍ മാസ്റ്ററെ സമീപിക്കുമ്പോള്‍ പലപ്പോഴും തിരക്കാണെന്ന മറുപടിയും ആണ് ലഭിക്കുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ജോലിത്തിരക്കുകളുള്ളതിനാല്‍ പലപ്പോഴും യാത്രക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാറില്ല. രാത്രി കാലങ്ങളിലുള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനായതിനാല്‍ മുഴുവന്‍ സമയവും യാത്രക്കാര്‍ക്ക് വിവരങ്ങളറിയാന്‍ സംവിധാനം വേണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ഉള്‍പ്പെടെ പ്രധാന ആവശ്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ