കുമ്പളയിൽ വിദ്യാർത്ഥിനികൾ ബസ് തടയുന്ന വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം; നിയമ നടപടി എടുക്കാൻ ഡിജിപിക്ക് പരാതി
കാസർകോട്: കാസർഗോഡ് വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വർഗീയത പരത്തുന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ബസ് നിർത്താത്തതിനെച്ചൊല്ലി സമരം നടത്തിയ വിദ്യാർത്ഥിനികൾ ബസിനകത്തുള്ള യാത്രികയോട് സംസാരിക്കുന്ന വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു സമരം നടത്തിയത്. സമരം ബസിനകത്തുള്ള വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പരിശോധിച്ച് നിയമ നടപടി എടുക്കണമെന്നാണ് ആവശ്യം.ബസിൽ ഇതര മതസ്ഥയോട് ബുർക്ക ധരിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് വ്യാജ പ്രചരണം. അതേ സമയം ബസ് നിർത്താത്ത സംഭവത്തിൽ വിശദീകരണവുമായി ബസ് ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. സമരം നടത്തിയതിന് 100 മീറ്റർ അകലെ സ്റ്റോപ്പുണ്ടെന്നും കോളേജിന് മുന്നിൽ ആർ ടി ഒ സ്റ്റോപ്പ് അനുവദിച്ചാൽ ബസ് നിർത്തുമെന്നും ബസുടമകൾ അറിയിച്ചു. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിർത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർത്ഥിനികൾക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബസുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ