നാരമ്പാടി സ്വദേശിനിയെയും മകനെയും തോക്ക് ചൂണ്ടി കൊള്ളയടിച്ച കേസ്; പ്രതികളില്‍ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയും
കാസർകോട്: നാരമ്പാടി സ്വദേശിനിയെയും മകനെയും കെട്ടിയിട്ട ശേഷം തോക്കു ചൂണ്ടി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച സംഘത്തില്‍ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയും. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം സീതാംഗോളി, ബാഡൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം കര്‍ണ്ണാടക പൊലീസ് ജയിലിലേയ്‌ക്ക് കൂടി വ്യാപിപ്പിച്ചു.
ഈ മാസം ആദ്യ വാരത്തിലാണ് ബദിയഡുക്ക, നാരമ്പാടിയിലെ കസ്‌തൂരി റൈ, കര്‍ണ്ണാടക, സുള്ള്യപദവ് പുതുക്കാടി തോട്ടതുമൂലയിലെ താമസക്കാരനുമായ മകന്‍ ഗുരുപ്രസാദ് റൈ എന്നിവര്‍ ആക്രമിക്കപ്പെട്ടത്. പാതിരാത്രിയില്‍ മുഖംമൂടി ധരിച്ചെത്തിയ ശേഷമാണ് അക്രമം നടത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന സംഘം കസ്‌തൂരിറൈയെയും മകനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ടു. അലമാരയുടെ താക്കോല്‍ കൈക്കലാക്കി 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷത്തോളം രൂപ, ടോര്‍ച്ച്, ബൈക്കിന്റെ താക്കോല്‍ എന്നിവ കൈക്കലാക്കി പുലര്‍ച്ചെയോടെയാണ് സംഘം മടങ്ങിയത്. ഗുരുപ്രസാദ് റൈയുടെ മൊബൈല്‍ ഫോൺ കൊള്ളസംഘം വെള്ളത്തില്‍ ഇടുകയും ചെയ്‌തിരുന്നു. നേരം പുലര്‍ന്നതിനു ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സംഭവത്തിനു പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധം ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്‌തു. ഗുരുപ്രസാദ് റൈയുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന നാരമ്പാടി സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം. ഇയാൾ പുത്തൂരിനു സമീപത്തു ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊള്ളയ്‌ക്കു പിന്നില്‍ കാസര്‍കോട് സ്വദേശികള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായ സൂചന അന്വേഷണ സംഘത്തിനു ലഭിച്ചത്. തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് പൊലീസ് സംഘം ബാഡൂരിലെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു കൊണ്ടു പോയി. ഈ യുവാവിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ