കാസര്‍കോട്
തൃക്കരിപ്പൂരിൽ മധ്യവയസ്കനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേക്കടം പരത്തിച്ചാൽ സ്വദേശി എൻ വി ബാലകൃഷ്ണനെയാണ് (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ബാലകൃഷ്ണനെ മകളുടെ ഭർത്താവ് രാത്രിയിൽ വന്ന് ആക്രമിച്ചതാണെന്ന് പറയപ്പെടുന്നു.
മർദ്ദനമേറ്റ ഉടനെ ബാലകൃഷ്ണൻ സമീപവാസിയെ വിളിച്ചു പറഞ്ഞതായും വിവരമുണ്ട്. എന്നാൽ സ്ഥിരമായി ആ വീട്ടിൽ കലഹം നടന്നുവരുന്നതിനാൽ കാര്യമായി എടുത്തില്ല. വീടിന്റെ സമീപത്തായി താമസിച്ചിരുന്ന സഹോദരൻ ഇന്ന് രാവിലെ വീടിന്റ പുറത്ത് രക്തം കണ്ടതോടെ വിവരം ചന്തേര പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് വീടിനകത്ത് മരണപ്പെട്ടു കിടക്കുന്ന നിലയിൽ കണ്ടത്. തലയ്ക്കു പിറകിൽ ഏറ്റ മാരക മുറിവാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. വസ്തു വില്പനയുമായി ബന്ധപ്പെട്ട കലഹം നില നിൽക്കുന്നതായും ഇതിനെ തുടർന്ന് ഇടയ്ക്കിടെ കലഹം പതിവായിരുന്നു വെന്നും പരിസരവാസികൾ പറയുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ