കാസർഗോഡ് അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവ ഉദ്യോഗസ്ഥനും ഗൺമാനും പരുക്കേറ്റു
ചെമ്മനാട്: അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അസിസ്റ്റന്റ് കലക്ടർക്കും ഗൺമാനും പരുക്കേറ്റു. അസിസ്റ്റന്റ് കലക്ടർ കെ ദിലീപിനും കൂടെയുണ്ടായിരുന്ന ഗൺമാൻ രഞ്ജിത്തിനുമാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് 4.15 മണിയോടെയായിരുന്നു അപകടം. ഔദ്യോഗിക പരിപാടി കഴിഞ്ഞ് മേൽപറമ്പ് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ബൊലേറോ കാറിൽ വരികയായിരുന്നു അസിസ്റ്റന്റ് കലക്ടർ. ചെമ്മനാട് സ്‌കൂളിന് സമീപം കാർ എത്തിയപ്പോൾ പോകറ്റ് റോഡിൽ നിന്നും മറ്റൊരു വാഹനം കയറി വന്നപ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ കാർ ഡ്രൈവർ ബ്രേകിട്ടപ്പോൾ കാർ തലകീഴായി ഒരു തവണ കരണം മറിഞ്ഞ് നിൽക്കുകയായിരുന്നു.
അസിസ്റ്റന്റ് കലക്ടറുടെ നടുവിനാണ് പരുക്കേറ്റത്. ഗൺമാനും കാര്യമായ പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. നടുവിന് സി ടി സ്‌കാൻ എടുത്ത ശേഷം ആവശ്യമായ ചികിത്സകൾ നൽകിയിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റും.
വിവരം അറിഞ്ഞ് കാസർകോട് കലക്ടർ കെ ഇമ്പശേഖർ, മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് കുതിച്ചെത്തി. കോട്ടയം സ്വദേശിയാണ് ദിലീപ് കുമാർ. ഗൺമാൻ രഞ്ജിത് ചെറുവത്തൂർ സ്വദേശിയാണ്. ഡ്രൈവർ ഗോപാലൻ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അസിസ്റ്റന്റ് കലക്ടറുടെ ഇടത് തോളെല്ലിന് പൊട്ടലുണ്ടെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബാര വിലേജ് ഓഫീസിൽ ഡിജിറ്റൽ സർവേയുടെ രണ്ടാം ഘട്ട ഉദ്‌ഘാടന പരിപാടിയിലും തച്ചങ്ങാട് ടൂറിസം ദിനത്തിന്റെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ