ബദിയടുക്ക പള്ളത്തടുക്കയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട; അഞ്ച് പേരുടെയും മയ്യത്ത് ഖബറടക്കി
കാസര്‍കോട്: ബദിയടുക്കക്ക് സമീപം പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ച ദാരുണ സംഭവം ജില്ലയുടെ കണ്ണീരായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ചുപേരും. മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (48), സഹോദരിയും കടവത്ത് ദിഡുപ്പയിലെ ഇസ്മായില്‍ കൊപ്പളത്തിന്റെ ഭാര്യയുമായ ഉമ്മാലിയുമ്മ (55), മറ്റൊരു സഹോദരിയും നോര്‍ത്ത് ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയുമായ നഫീസ (50), ഇവരുടെ പിതൃസഹോദരന്‍ കടവത്ത് ദിഡുപ്പയിലെ പരേതനായ ഷേക്കാലി ഹാജിയുടെ ഭാര്യ ബീഫാത്തിമ (65), ഓട്ടോ ഡ്രൈവറും തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ എ.എസ് അബ്ദുല്‍റഊഫ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. ബദിയടുക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണും പൂര്‍ണ്ണമായും തകര്‍ന്ന ഓട്ടോയ്ക്കകത്ത് കുടുങ്ങിയുമാണ് മരണം സംഭവിച്ചത്. അപകടവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നീര്‍ച്ചാര്‍ കുംട്ടിക്കാന ദേവരമെട്ടുവിലെ ജോണ്‍ ഡിസൂസ(56)യെ പൊലീസ് അറസ്റ്റുചെയ്തു. മരണ വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകളാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചുപേരുടേയും പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ